അയ്യപ്പനെ കൊന്നത് നാല് കൊലയാളികള്‍!

കൃഷ്ണ പൂജപ്പുരയുടെ ‘യവനികയോര്‍മ്മ”

========================================

“ഞാനും എന്നെപ്പോലെ സംവിധായകനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരുപാടുപേരും ദയനീയമായി തോറ്റുപോയി.”

==========================================

“ഉദയാ, എനിക്ക് പിടികിട്ടി അയ്യപ്പനെ കൊന്നത് മാനേജരാണ് “

യവനിക കാണുകയാണ് .

1982 ല്‍.

ഞാനും ഉദയനും മുരുകനും റഹിമും ജയനും .സെക്കന്‍ഡ് ഷോ. സസ്പെന്‍സ്‌ സിനിമകളിലും , ത്രില്ലര്‍ സിനിമകളിലും ഒക്കെ സംവിധായകന്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള നിഗൂഢതകളും രഹസ്യങ്ങളും പൊളിക്കാന്‍ പ്രേക്ഷകസമൂഹം ശ്രമിക്കുമല്ലോ.ഇന്നാരയിരിക്കും കൊല നടത്തിയത്,അടുത്ത് കൊല്ലപ്പെടാന്‍ പോകുന്നത് ഇന്നാരായിരിക്കും എന്ന് സാഹചര്യ തെളിവുകള്‍ വച്ചു പ്രേക്ഷകന്‍ ഊഹിച്ചു തുടങ്ങും.സംവിധായകന്‍ മനസ്സിലൂടെ കാണുന്നത് മാനത്ത് കാണുന്ന ആളാ നമ്മളെന്നു ഒരു പോയിന്‍റില്‍ നിന്നുകൊണ്ടുള്ള കളിയാണ്.മാജിക്കിന്‍റെ രഹസ്യം പൊളിയുമ്പോള്‍കിട്ടുന്ന ഒരു സുഖം പോലെയാണ് അത് .

അയ്യപ്പനെ(കൊടിയേറ്റം ഗോപി) കാണാനില്ല.സംശയം പലരിലേക്കും നീണ്ടുതുടങ്ങി . അയ്യപ്പന്‍ കൊല്ലപ്പെട്ടതാണെന്ന ചിന്ത പ്രേക്ഷകര്‍ക്ക്‌ കിട്ടിതുടങ്ങി.അപ്പോഴാണ്‌ ഞാന്‍ ബുദ്ധിമാന്‍ ആകുന്നത്തബലിസ്റ് അയ്യപ്പനെ കൊന്നത് നാടക മാനേജര്‍ വക്കച്ചന്‍(തിലകന്‍-ആ സിനിമ കാണുന്ന സമയത്തു അദ്ധേഹത്തിന്‍റെ പേര് അറിയില്ലായിരുന്നു) എന്ന് ഞാന്‍ ഉറപ്പിച്ചത് . മാനേജരുടെ ചലനങ്ങളില്‍ ഒക്കെയാണ് എന്‍റെ നോട്ടം. അതാ അങ്ങോട്ട്‌ തിരിഞ്ഞപ്പോ ഒന്ന് പതറിയില്ലേ? ചത്തത് അയ്യപ്പനെങ്കില്‍ കൊന്നത് മാനേജര്‍ തന്നെ.

സീന്‍സ് കടന്നു പോകവേ , എന്‍റെ സംശയം മാനേജരില്‍ നിന്നും നടനായ ബാലഗോപനിലേക്ക്(നെടുമുടി വേണു ).

ഞാന്‍ ഉദയനോടും മറ്റുമായി ശബ്ദമടക്കി പറഞ്ഞു.

“നെടുമുടി ആണോ എന്നൊരു സംശയം”

കഥ മുന്നോട്ട് പോകവേ ,ഞാന്‍ വീണ്ടും സംവിധായകനെ തോല്‍പ്പിച്ചു.കൊന്നത് വിഷ്ണു(അയ്യപ്പന്‍റെ മകന്‍ -അശോകന്‍)ആണ്.വിഷ്ണുവിന്‍റെ ശരീര ഭാഷയില്‍ നിന്നും ഞാനങ്ങനെ കൊലപാതകിയെ കണ്ടെത്തി.ഉദയനും മറ്റും നിവര്‍ത്തികെട്ടു.

“നീയൊന്ന് മിണ്ടാതിരിക്കാമോ?”

അവസാനം അതാ ഞാനും എന്നെപ്പോലെ സംവിധായകനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരുപാടുപേരും ദയനീയമായി തോറ്റുപോയി.പ്രേക്ഷകന്‍ എന്ന തോല്‍വി അത്ഭുതാതിശയങ്ങലോടെയാണ് സ്വീകരിച്ചത്.സംവിധായകന്‍ ഒരു വശത്ത്,പ്രേക്ഷകര്‍ മറുവശത്ത്നിന്നുള്ള ചതുരംഗ കളിപോലെയാണ് എനിക്ക് തോന്നിയത്.ഇങ്ങനെയാണ് ഞാന്‍ തോറ്റ് പോയത് എന്നറിയാന്‍ ,അടുത്ത ആഴ്ച്ച വീണ്ടു കയറി.യവനിക കാണാന്‍. ഇപ്പോള്‍ രോഹിണി(ജലജ)യെയും കൊല്ലപ്പണിയെയും(വേണു നാഗവള്ളി)യെയും കൂടുതല്‍ ശ്രദ്ധിച്ചു.

അയ്യോ!! ഇപ്പോഴാണ് ഞാന്‍ കാണുന്നത്, അവരുടെ  റിയാക്ഷനുകളിലെ ദുരൂഹത.പതര്‍ച്ച.ചില ഷോട്ടുകളുടെ പ്രസക്തി.ഞാന്‍ എന്തുകൊണ്ട് ആദ്യ പ്രാവശ്യം കണ്ടപ്പോള്‍ ഇത് ശ്രദ്ധിച്ചില്ല. അസ്സല്‍ മാജിക്!!

Leave a Reply

Your email address will not be published. Required fields are marked *