മലയാള സിനിമ, ചാരിത്ര്യ ഭൂതാവേശം, ആഖ്യാനം.

 “ജയഭാരതിയുടെ സരസമ്മയ്ക്ക് നേരെ മധു അവതരിപ്പിച്ച ഗോപി  വെച്ച് നീട്ടിയ ഓഫർ ആകണം വ്യവസ്ഥയുടെ ആദ്യത്തെ സിനിമാറ്റിക് അട്ടിമറി. അതിനും മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല എന്ന് വേണം കരുതാൻ”.        

എഴുത്ത് : ജോണി എം എൽ

ചാരിത്ര്യം നഷ്ടപ്പെട്ട സ്ത്രീകഥാപാത്രത്തിന് മിക്കവാറും സിനിമകളിൽ വെടിയേറ്റ് മരിയ്ക്കാനോ ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വജീവൻ നഷ്ടപ്പെടുത്താനോ ആയിരുന്നു വിധി. ചാരിത്ര്യം എന്നത് അത്രമേൽ കേന്ദ്രപ്രമേയമായി വരുന്ന ഒരു സമൂഹത്തിൽ ചാരിത്ര്യ നഷ്ടം എന്നത് കേവലം കുടുംബങ്ങൾക്കുള്ളിലെ പ്രശ്നമായി കണക്കാക്കാൻ പോലും കഴിയാതെ ഒരു സാമൂഹികപ്രശ്നം എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. അങ്ങനെയൊരു സ്ത്രീയെ സമൂഹത്തിൽ സ്വതന്ത്രവ്യക്തിത്വമായി തുടരാൻ അനുവദിക്കുക എന്നതിനർത്ഥം വ്യവസ്ഥയെ ഒന്നാകെ പൊളിച്ചു പണിയുക എന്നതാണ്. വിധവകളെ അദൃശ്യരാക്കുകയും മൂകരാക്കുകയും അലൈംഗിക വ്യക്തിത്വങ്ങൾ ആക്കുകയും ചെയ്യുക എന്നത് ശീലിച്ചിരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇപ്പോഴും ഉത്തരേന്ത്യയിൽ പലേടങ്ങളിലും ഈ പ്രവണത തുടരുന്നു.

ഉടന്തടിച്ചാട്ടം അഥവാ സതിയനുഷ്ഠാനം മുതൽ നടതള്ളൽ വരെയുള്ള കാര്യങ്ങൾക്കു പിന്നിൽ കുടുംബത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട നീക്കുപോക്കുകൾ കൂടാതെ വിധവയുടെ ലൈംഗികശേഷി ഒരു പ്രശ്നമായി കരുതപ്പെട്ടിരുന്നു. അതിനാൽ അവളെ അലൈംഗിക വ്യക്തിയാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായിരുന്നു. അവളുടെ ലൈംഗികത മുഖ്യധാരാ കുടുംബങ്ങളുടെ നൈയാമക വ്യവസ്ഥയ്ക്ക് വിഘാതമായി കരുതപ്പെട്ടു. എന്നാൽ രഹസ്യമായി അവളുടെ ലൈംഗികശേഷിയെ ചൂഷണം ചെയ്യപ്പെട്ട ചരിത്രം ചെറുതല്ല. സ്ത്രീയുടെ രതിശേഷിയും ചാരിത്ര്യവും ഒരു പുരുഷാധിപത്യ സമൂഹം ആന്തരികമായി അനുഭവിക്കുന്ന ഭീതികളാണ്. ഫ്രോയ്ഡിയൻ സിദ്ധാന്തം അനുസരിച്ചു പറഞ്ഞാൽ സമൂഹം അതിന്റെ അബോധത്തിൽ അനുഭവിക്കുന്ന ഷണ്ഡത്വഭീതിയാണത്. ചാരിത്ര്യത്തിന്റെ ഉപയോഗം പുരുഷന്റെ കൈകളിലേക്ക് ഒതുക്കുക എന്നതാണ് അതിനെ മറികടക്കാനുള്ള വഴി. വ്യവസ്ഥയുടെ നേർരേഖയിലുള്ള വികാസത്തിന് തടസ്സമായ പെണ്ണുടലുകളെ അദൃശ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്.

സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ ആഖ്യാനത്തിൽ നിന്നുള്ള നിഷ്കാസിതവസ്ഥയാണ് ചാരിത്ര്യഭംഗം കൊണ്ട് സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്നത്. ഒരു കഥയിൽ ഇടം ഉണ്ടാവുക എന്നതാണ് അസ്തിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നത്. കഥയില്ലാത്തവരാണ് അദൃശ്യപ്പെടുന്നത്. ചാരിത്ര്യ നഷ്ടം അങ്ങനെ ആഖ്യാനപ്പെടാനുള്ള അധികാരത്തിന്റെ നഷ്ടം കൂടിയാകുന്നു. അതിനു വിപരീതമായ ദിശയിൽ സഞ്ചരിക്കുക എന്നതിനർത്ഥം വ്യവസ്ഥയെ വെല്ലുവിളിക്കുക എന്നതാണ്. ചാരിത്ര്യഭംഗം നേരിട്ട ഒരുവളെ ആഖ്യാനത്തിലെ കരടാകാതെ എവിടെ സൂക്ഷിക്കും എന്നുള്ളതാണ് ആഖ്യാതാവ് നേരിടുന്ന വെല്ലുവിളി. ശുഭപര്യവസായിയായ സിനിമകളിൽ എല്ലാ സംഘർഷങ്ങൾക്കുമൊടുവിൽ നായിക/സ്ത്രീ നായകനുമായി ഒത്തുചേരുകയാണ്. അവളുടെ ഉടലിനുമേലുള്ള അധികാരം അയാളുടെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കുകയാണ്. പ്രണയകാലത്തിൽ തന്റെ ആഖ്യാനാധികാരമെല്ലാം അവളുടെ നിയന്ത്രണത്തിലാണെന്ന് അവളെ വിശ്വസിപ്പിച്ചശേഷം ഒടുവിൽ അവളുടെ നിലനിൽപ്പിന്റെ അധികാരം കൂടി തീറെഴുതി വാങ്ങുകയാണ് നായകൻ ചെയ്യുന്നത്. ദുരന്തപര്യവസായിയായ സിനിമകളെ എന്തുകൊണ്ട് ആളുകൾ പരാജയപ്പെടുത്തുന്നു എന്നുള്ളതിനുത്തരം, അവർക്ക് അവർ നയിക്കുന്ന ജീവിതങ്ങളുടെ മേൽ ഉള്ള വിശ്വാസത്തിന്റെ പിടിവിട്ടു പോകുന്നു എന്നുള്ള തോന്നൽ കൊണ്ടാണ്. രണ്ടര മണിക്കൂറിനു ശേഷം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങുമ്പോൾ, കുറെ മുൻപ് ഇരുട്ടിലേക്ക് കയറിപ്പോയ സമയത്തുണ്ടായിരുന്ന തങ്ങളുടെ നിശ്ചിതവും നിയന്ത്രിതവുമായ ലോകത്തേയ്ക്ക് തന്നെ തിരികെ വരാൻ കഴിഞ്ഞതിൽ കാണികൾ ആശ്വസിക്കുന്നു. അവർക്ക് വേണ്ടത് ലോകം അവർ കണ്ടത് പോലെ തന്നെയാണെന്ന ഉറപ്പാണ്. ദുരന്തങ്ങൾ ആ ഉറപ്പിനെ പിടിച്ചുലയ്ക്കുന്നത് കൊണ്ടാണ് സിനിമകൾ ശുഭപര്യവസായി ആയി മാറുന്നത്.

ചാരിത്ര്യം നഷ്ടപ്പെട്ടവളെ സ്വീകരിക്കാൻ ഒരു പുരുഷൻ ഇല്ല എന്നുള്ളതാണ് സിനിമയുടെ ആഖ്യാനം ഇപ്പോഴും അനുഭവിക്കുന്ന പ്രതിസന്ധി. എന്നാൽ കാര്യങ്ങൾ ക്രമേണ മാറി വരുന്നു. വിധവയ്ക്ക് കൂട്ടിരിക്കാനും ഭാര്യയെ മാനഭംഗപ്പെടുത്തിയവനെതിരെ ഭാര്യയെക്കൊണ്ട് തന്നെ പ്രതികാരം ചെയ്യിക്കാനുമൊക്കെ ആത്മബലമുള്ള നായകന്മാർ ക്രമേണ ഉണ്ടായി വരുന്നുണ്ട് മലയാള സിനിമയിൽ. അത് സമൂഹത്തിന്റെ കൂടി സ്വീകാര ശേഷിയെ സൂചിപ്പിക്കുന്നുണ്ട്. അപവാദങ്ങളായി നിലനിൽക്കുന്ന അവയ്ക്ക് ഇനിയും പതിവ് എന്ന അവസ്ഥയിലേയ്ക്ക് നീങ്ങാൻ കഴിഞ്ഞിട്ടില്ല. ചാരിത്ര്യം നഷ്ടപ്പെട്ട സ്ത്രീയെ എന്ത് ചെയ്യും എന്നുള്ളതിന്റെ ഉത്തരം പദ്മരാജന്റെ സിനിമകളിലെ ഒരു പ്രമേയമായിരുന്നു. അത് ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം കൈകാര്യം ചെയ്തു. തൂവാനത്തുമ്പികളിൽ (1987) ക്ലാര എന്ന സെക്സ് വർക്കറുമായി യാതൊരു കുറ്റബോധവുമില്ലാതെ പ്രണയത്തിൽ വീഴുന്ന ജയകൃഷ്ണനെ കാണുന്നു. പക്ഷെ കൃഷ്ണന് ഒരു രാധയുണ്ട്. മോഹൻ ലാലിന് പാർവതി. സുമലതയാണ് ക്ലാര. ഒടുവിൽ ക്ലാര വിവാഹിതയാണെന്ന് അറിയുന്നിടത്താണ് കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധം ‘സ്വാഭാവികമാകുന്നത്.’

ജയകൃഷ്ണൻ ക്ലാരയുമായി യാതൊരു മറയും കൂടാതെ ഇടപെടുമ്പോഴും അയാളുടെ ഭാര്യയായി വരാൻ വേണ്ട യോഗ്യത ക്ലാരയ്ക്ക് സംവിധായകൻ നൽകുന്നില്ല. ചാരിത്ര്യവതിയല്ല ക്ലാര എന്നുള്ളിടത്താണ് ഊന്നൽ. എങ്കിലും അവളെ പ്രണയിനി ആയി അംഗീകരിക്കാൻ കഴിയുന്നിടത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അല്ലെങ്കിൽ ആ സിനിമ അത്തരമൊരു മാറ്റത്തിലേയ്ക്ക് സമൂഹത്തെ നയിക്കുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ‘അഭിമന്യു’ (1991) എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം പ്രണയത്തിൽ വീഴുന്നത് കിരൺ എന്ന ഒരു വേശ്യാ യുവതിയുമായാണ്. ഗീതയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (സുമലത, ഗീത തുടങ്ങിയ മലയാളികളല്ലാത്ത നടിമാരാണ് ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്). കിരൺ ഒരു ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. അതിനു മുൻപ് ഒരു പാട്ടുണ്ട്. കണ്ടു ഞാൻ മിഴികളിൽ എന്ന് തുടങ്ങുന്ന ആ പാട്ട് എഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംഗീതം പകർന്നത് രവീന്ദ്രനുമാണ്. അതിലെ ഈ വരികൾ ശ്രദ്ധിക്കുക, “കണ്മണി തിങ്കളേ നിൻ കളങ്കം കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീർഘ സുമംഗലയാകും.’ കളങ്കമേറ്റ തിങ്കൾ ആണ് വേശ്യാസ്ത്രീ. അതിനെ സീമന്തരേഖയിലെ കുങ്കുമമാക്കും എന്നാണ് നായകൻ പറയുന്നത്. വിവാഹവാഗ്ദാനമാണത്. അതെ സമയം ഹരി അവസാനം കൊല്ലപ്പെടും എന്ന തിരക്കഥാപരമായ ഉറപ്പുള്ളത് കൊണ്ടാണ് ആ വിവാഹവാഗ്ദാനം നല്കുന്നതെന്നതും ശ്രദ്ധേയമാണ്. അപ്പോഴും വ്യവസ്ഥയെ നായകനോ നായികയോ അവരുടെ ബന്ധമോ ഭേദിക്കുന്നില്ല. ഒരു അധോലോക ഗുണ്ടയും ഒരു വേശ്യയും തമ്മിൽ ഒരു ബന്ധമുണ്ടായാൽ നമുക്കെന്ത് എന്നാണ് സമൂഹത്തിന്റെ ചിന്ത. എങ്കിലും ആ വാഗ്ദാനം മലയാള സിനിമയുടെ ചരിത്രത്തിൽ വലിയൊരു ചുവടു വെയ്പാണെന്നു പറയാം.

വിനു അബ്രഹാം

സിനിമാക്ഷരങ്ങൾ’ എന്ന തന്റെ പുസ്തകത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനു അബ്രഹാം ‘കന്യകാത്വത്തിന്റെ ഡെറ്റോൾ’ എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ (1986) എന്ന സിനിമയുടെ ക്ളൈമാക്സിനെ മുൻനിറുത്തി കേരളത്തിൽ നിലനിന്നിരുന്ന ‘സദാചാര സൗന്ദര്യശാസ്ത്രത്തെയും പ്രകൃതമൂലബോധങ്ങളെയും’ അതെങ്ങനെ അട്ടിമറിക്കുന്നു എന്ന് വിശദീകരിക്കുകയാണ് വിനു എബ്രഹാം. രണ്ടാനച്ഛനാൽ മാനഭംഗപ്പെടുത്തപ്പെട്ട സോഫിയ എന്ന കഥാപാത്രത്തെ ടാങ്കർ ലോറിയിൽ വരുന്ന സോളമൻ എന്ന കഥാപാത്രം ഒരു ജീവിതത്തിലേയ്ക്ക് സ്വീകരിച്ചു കൊണ്ടുപോകുന്ന ക്ലൈമാക്സ് ആണ് സിനിമയിലുള്ളത്. അത് മോഹൻലാൽ എന്ന നടന്റെ മനോവിശാലത കൂടിയായി സങ്കല്പിക്കാവുന്ന തരത്തിൽ വിശ്വസനീയമായിരുന്നു. സിനിമ പരാജയപ്പെട്ടില്ല എന്നുമാത്രമല്ല വലിയ വിജയവുമായി. ഒറ്റയടിയ്ക്ക് കേരളസമൂഹം മാറിമറിഞ്ഞതാണോ അതിനു കാരണം? ഒരു പക്ഷെ ശാരി എന്ന നായികയുടെ സ്വത്വവുമായി ചേർത്ത് വായിച്ചാൽ ഇതിനൊരു ഉത്തരം കിട്ടുമെന്ന് തോന്നുന്നു. സുമലതയെയും ഗീതയേയും പോലെ ശാരിയും ആന്ധ്രാക്കാരിയാണ്! എന്ന് മാത്രമല്ല മലയാള സൗന്ദര്യഭാവനയുടെ ഉള്ളിൽ നിൽക്കുന്ന രൂപമല്ല അവൾക്ക്. അതിനാൽ അവളുടെ ചാരിത്ര്യം ഒരു വിഷയമാകുന്നില്ല എന്നുവേണം കരുതാൻ. കൂടാതെ 1986 -ൽത്തന്നെ പദ്മരാജൻ അവിഹിതമായ ജീവിതം നയിക്കുന്ന നായികമാരെ വെച്ചുകൊണ്ട് വേറെയും സിനിമകൾ ചെയ്തിട്ടുണ്ട്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല. അതിനാൽ ട്രാൻസ്ഗ്രെഷൻ സ്വഭാവമാണ് പദ്മരാജന്റെ സിനിമകളുടെ പൊതുസ്വഭാവം എന്ന നിലയിൽ കാണികൾ വിട്ടുകൊടുത്തതും ആവാം.

അതേ ലേഖനത്തിൽത്തന്നെ വിനു എബ്രഹാം, പദ്മരാജനും മുൻപ് എം ടി വാസുദേവൻ നായർ-ഹരിഹരൻ കൂട്ടുകെട്ടിൽ തയാറാവുകയും എന്നാൽ റിലീസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്ത ‘എവിടെയോ ഒരു ശത്രു’ എന്ന സിനിമയെ പരാമർശിക്കുന്നുണ്ട്. 1983 -ലാണ് ആ സിനിമ പൂർത്തിയാകുന്നത്. സുകുമാരൻ, വേണു നാഗവള്ളി, അനുരാധ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ സിനിമയിൽ അനുരാധ അവതരിപ്പിക്കുന്ന മാല എന്ന ആദിവാസിപ്പെണ്ണും വേണു നാഗവള്ളിയും തമ്മിൽ നിശബ്ദമായ പ്രണയം അരങ്ങേറുന്നു (വേണു നാഗവള്ളി നിശബ്ദപ്രണയത്തിനു പര്യായമായിരുന്നല്ലോ). സുകുമാരൻ എന്ന സമ്പന്നൻ ആദിവാസിപ്പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നു. ഒടുവിൽ മാലയെന്ന ആദിവാസിപ്പെൺകുട്ടി സുകുമാരനെ വെടിവെച്ചു കൊല്ലുന്നു. വേണു കുറ്റം ഏറ്റെടുക്കുകയും അവൾക്ക് വിവാഹവാഗ്ദാനം നൽകി ജയിലിൽ പോവുകയും ചെയ്യുന്നു. വിനുവിന്റെ അഭിപ്രായത്തിൽ ഈ സിനിമ പുറത്തു വന്നിരുന്നെങ്കിൽ അത് പതിവുകളുടെ പൊട്ടിച്ചെറിയലും പൊതുവെ പുരുഷാധിപത്യസ്വഭാവമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു എന്ന ആരോപണം കേൾക്കുന്ന എം ടി യുടെ മറ്റൊരു മുഖവും ആകുമായിരുന്നു. പക്ഷെ സിനിമ പുറത്ത് വന്നില്ല.

എവിടെയോ ഒരു ശത്രു നിർമ്മിക്കപ്പെടുന്നതിനും പന്ത്രണ്ടു കൊല്ലങ്ങൾക്കു മുൻപ് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘ലൈൻ ബസ്സ്’ (1971) എന്ന സിനിമ ഒരു പക്ഷെ വിനു ഏബ്രഹാമിന്റെ കണ്ണിൽപ്പെടാത്തതു കൊണ്ടാകണം അദ്ദേഹം അങ്ങനെ പറഞ്ഞത്. മുറ്റത്ത് വർക്കിയും എസ് എൽ പുരം സദാനന്ദനും ചേർന്ന് കഥയും തിരക്കഥയും എഴുതിയ ലൈൻ ബസ്സിൽ മധു, ജയഭാരതി, ഉമ്മർ, അടൂർ ഭാസി, മീന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധു ഒരു ലൈൻ ബസ്സിലെ ചെക്കറാണ്. ജയഭാരതി അവതരിപ്പിക്കുന്ന സരസമ്മ ദരിദ്രരായ ഭാസി-മീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തവൾ. ജയഭാരതി കോട്ടയത്തുള്ള കോളേജിൽ പഠിക്കാൻ പോകുന്നു. മധുവുമായി പ്രണയത്തിലാകുന്നു. അതേസമയം കോളേജ് റോമിയോ ആയ ഉമ്മറിന് ജയഭാരതിയ്ക്ക് പ്രണയലേഖനം എഴുതിയെന്നു പേരിൽ വിദ്യാഭ്യാസം മുടക്കേണ്ടി വരുന്നു. അയാൾ അവിടം വിട്ടു പോകുന്നു. ദാരിദ്ര്യം മൂത്തപ്പോൾ ജയഭാരതിയ്ക്ക് കോളേജ് ഫീസ് ഉമ്മറിൽ നിന്ന് വാങ്ങേണ്ടി വന്നു. പിന്നീട് അയാളുടെ സ്ഥാപനത്തിൽ ജോലിയ്ക്ക് പോകേണ്ടി വന്നു/ തന്നെ ഒരു സഹോദരനായി കണക്കാക്കണം എന്ന് നിരന്തരം പറയുന്ന ഉമ്മർ പക്ഷെ ഒടുവിൽ ജയഭാരതിയെ/സരസമ്മയെ മാനഭംഗപ്പെടുത്തുന്നു. തുടർന്നുള്ള സംഘട്ടനത്തിൽ മധു ഉമ്മറിനെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. പോലീസ് എത്തി കൊണ്ട് പോകുമ്പോൾ, ജയിൽ ജീവിതത്തിനു ശേഷം അവളെ വിവാഹം ചെയ്യാമെന്ന് മധു വാക്കു കൊടുക്കുന്നു.

എം എസ് പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച ഈ സിനിമ വമ്പിച്ച വിജയം നേടി. അടൂർ ഭാസിയും ഉമ്മറും അഭിനയിച്ചു തകർത്ത ചിത്രമായിരുന്നു ഇതെന്ന് വേണമെങ്കിൽ പറയാം. മധു ഒരു നന്മയിൽ ഗോപാലൻ. പക്ഷെ ഇപ്പോൾ ഈ സിനിമ നമ്മളെ അത്ഭുതപ്പെടുത്തുമെങ്കിൽ അതിന് കാരണം ജയഭാരതി അവതരിപ്പിക്കുന്ന സരസമ്മ എന്ന കഥാപാത്രമാണ്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് അവൾ കോളേജിൽ ചേരുന്നത്. മധുവിന്റെ സഹായം യാദൃശ്ചികമായി ലഭിക്കുന്നതോടെ അവൾ മധുവിന്റെ കാമുകി ആകുന്നു അത് കഴിഞ്ഞു ഉമ്മർ സഹായിക്കുമ്പോൾ ഉമ്മറിനോട് ഇഷ്ടക്കേട് കാട്ടുന്നില്ല. മാനഭംഗത്തിൻറെയായ ശേഷം അത് തിരിച്ചറിയുന്ന സരസമ്മ ഉമ്മറിന്റെ ചന്ദ്രമോഹനോട് ചോദിക്കുന്ന ചോദ്യം കേട്ടാൽ നമ്മൾ ഞെട്ടും. “നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?” എന്നാണ്. കഴിക്കാം എന്ന് ഉമ്മർ. അത് കഴിഞ്ഞ് മൂന്നു നാല് ദിവസം കൂടി ചന്ദ്രമോഹനൊപ്പം സരസമ്മ ആ ഹോട്ടലിൽ ‘ജോളിയായി’ കഴിയുന്നു. പൊടുന്നനെ മധു അവിടെയെത്തുമ്പോൾ സംഗതി വീണ്ടും മാറി മറിയുന്നു. വിവാഹം കഴിച്ചാൽ ആരും മതിയെന്ന രീതിയിൽ ഒരു സ്ത്രീ കഥാപാത്രത്തെ വാർത്തെടുത്തത് ഞെട്ടിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യും. എന്നാൽ അതെ സിനിമയിൽ ചാരായഷാപ്പിൽ നിന്ന് ചാരായം കുടിക്കുന്ന, കായലിൽ കടത്ത് വള്ളം ഊന്നുന്ന തന്റേടിയായ ഒരു സ്ത്രീ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ജയഭാരതിയുടെ സരസമ്മയ്ക്ക് നേരെ മധു അവതരിപ്പിച്ച ഗോപി  വെച്ച് നീട്ടിയ ഓഫർ ആകണം വ്യവസ്ഥയുടെ ആദ്യത്തെ സിനിമാറ്റിക് അട്ടിമറി. അതിനും മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല എന്ന് വേണം കരുതാൻ.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സ്വതന്ത്രരായ സ്ത്രീകഥാപാത്രങ്ങൾ ധാരാളമായി ഉണ്ടായി വരുന്ന ഒരു കാലഘട്ടമാണിത്. പുതിയ വേവ് സിനിമ വന്നതോടെ മുഖ്യധാരയ്ക്ക് അതിനനുസരിച്ചുള്ള അഴിച്ചു പണികൾ നടത്തേണ്ടി വന്നു എന്നതിന് തെളിവാണ് പലപ്പോഴും മമ്മൂട്ടിയും മോഹൻലാലും അവരുടെ ചില സിനിമകളിൽ വിധവകളെയോ ചാരിത്ര്യഭംഗം വന്നവരെയോ സ്വീകരിക്കാൻ സന്നദ്ധത കാട്ടുന്നത്. പൊതുസമൂഹം ഇന്നും ചാരിത്ര്യം സ്ത്രീയുടെ ഐ എസ് ഐ മാർക്കായി കാണുന്നുണ്ടെങ്കിലും പുതിയ കാലത്തെ പെൺകുട്ടികൾ അങ്ങനെ കാണുന്നില്ല എന്നുള്ളത് ആശ്വാസം തരുന്നുണ്ട്. എന്നാൽ ഗാർഹിക ഇടങ്ങൾ ഇപ്പോഴും മാമൂൽപ്പിടിത്തത്തിന്റെ ഗോദകളായി, പീഡന മുറകളായി തുടരുന്നു എന്നത് ആശങ്കയ്ക്ക് വക നൽകുന്നു. ഈ അടുത്തിടെയാണ് സഹോദരിയുടെ കാമുകന്റെ കൈ സഹോദരൻ വെട്ടിമാറ്റിയത്; ജാതിയായിരുന്നു പ്രശ്നം. പ്രണയത്തിലെ ജാതി പെണ്ണിന്റെ വംശപരമായ രക്തത്തിന്റെ മൊത്തം ചാരിത്ര്യത്തിന്റെയും ഉത്തരവാദിത്തം കൂടിയാണെന്ന കാഴ്ചപ്പാട് വരുമ്പോഴാണ് ആങ്ങളമാർ വാളെടുക്കുന്നതും ദുരഭിമാനക്കൊല നടത്താൻ ഇറങ്ങുന്നതും. ഈ  ധീരസഹോദരന്മാർ സ്വയം പ്രണയവിവാഹിതർ ആണെന്ന വിചിത്രമായ അവസ്ഥയും ചിലേടങ്ങളിൽ കാണുന്നുണ്ട്. ആ പരിസരങ്ങളിൽ നിന്നല്ല പുതിയ മലയാള സംവിധായകർ വരുന്നതെന്നതാണ് മലയാള സിനിമയെ മാറ്റിപ്പണിതു കൊണ്ടിരിക്കുന്നത്.

———————————————————————-

Leave a Reply

Your email address will not be published. Required fields are marked *