കെ രമേഷ് കുമാര്‍ യാത്രയായി .മാധ്യമ ചലച്ചിത്ര ലോകത്തെ അവഗണനയോടെ .

കെ രമേഷ് കുമാര്‍ 

                                 “നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ … ചാനൽ വേതാളങ്ങളോ …..സിനിമാക്കാരോ … ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ ….എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം….!
സാരമില്ല ….അങ്ങ് വേഗം പോയത് നന്നായി”

ശാന്തിവിള ദിനേശ് എഴുതുന്നു 

 ഇന്നലെ രാത്രി മംഗളം ചാനലിൽ ഉണ്ടായിരുന്ന സജി വിളിച്ചു. ചേട്ടാ, ക്യാമറാമെൻ രമേഷ് മരിച്ചോ?
ഞാനൊന്ന് വല്ലാണ്ടായി……..!
അറിയില്ല : ആരും പറഞ്ഞില്ല ……. ഞാൻ തിരക്കാം ……..
എന്നെ വിവാദ നായകനാക്കിയ എന്റെ ചാനലിലെ ഒരു സ്റ്റോറിയിലെ പാവം നായകനായിരുന്നല്ലോ രമേഷ് ……. പതിനൊന്ന് വർഷമായി ഞാൻ അനുഭവിക്കുന്ന നാണക്കേടിനും …… പീഢനത്തിനും ……. കേരളത്തിൽ ഒരു പുരുഷനും കൂടെയില്ലാതിരുന്ന കാലത്ത് എനിക്കായി സംസാരിച്ച നിങ്ങളെ നന്ദിയോടെ ഞാൻ ഓർക്കും എന്ന് എന്നെ വിളിച്ചു പറഞ്ഞ രമേഷ് ……..!
കേസ് നടത്താൻ നിങ്ങൾക്ക് എത്ര രൂപ ചിലവുവന്നാലും അത് ഞാൻ തരാമെന്നു പറഞ്ഞ രമേഷ് ……..! അർഹതയില്ലാത്തവരെ സ്നേഹിച്ച കുറ്റത്തിന് പരിഹാസ്യനായിപ്പോയ രമേഷ് ……..!
അച്ഛൻ തെറ്റുകാരനാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്ന് ജന്മം കൊടുത്ത ഒരു മകൻ പറഞ്ഞതു കേട്ട് , ഇനിയും ജീവിക്കാൻ കൊതിയാകുന്നു ദിനേശ് എന്നു പറഞ്ഞ രമേശ് ……..!
ചിത്രാഞ്‌ജലി സ്റ്റുഡിയോ മാനേജരായി പ്രമോഷൻ കിട്ടാതിരിക്കാൻ കള്ളക്കേസുകൊടുത്ത സഹപ്രവർത്തകനായ സംവിധാന സഹൃത്തിനോട് വിരോധമില്ലാന്ന് പറഞ്ഞ രമേഷ് …….! വട്ടിയൂർക്കാവിനടുത്ത് കുലശേഖരത്ത് ഒരേക്കറോളം സ്ഥലവും ……. മോശമല്ലാത്ത ബാങ്ക് ബാലൻസും ഉള്ള രമേഷ് …….

സജി വിളിച്ച നേരം മുതൽ ഇതാണ് ചിന്തയിൽ …….!
ആരോട് ചോദിക്കും രമേഷ് മരിച്ചോന്ന്? രണ്ട് കിഡ്നിയും തകരാറിലായി ചികിത്സയിലാണെന്ന് അറിയാമായിരുന്നു…….. ത്വക് രോഗത്തിനും ചികിത്സയിലായിരുന്നു………!
ദിവസവും രാത്രി ഞാനയക്കുന്ന പാട്ടുകൾ വേദനയ്ക്ക് ആശ്വാസമാണെന്ന് ഇടക്ക് പറഞ്ഞിരുന്നു…….!
രമേഷ് മരിച്ചോന്നു മറ്റാരോടും ചോദിക്കണ്ട……. രമേഷിനോടു തന്നെ ചോദിക്കാം…. വിളിച്ചു പലവട്ടം……… റിംഗ് ഉണ്ട് എടുക്കുന്നില്ല……… മണി പത്തര കഴിഞ്ഞു. എനിക്ക് ഉറക്കമില്ലാന്നും പറഞ്ഞ് ഉറങ്ങുന്നവരെ ശല്യം ചെയ്യണ്ടാന്നു കരുതി നിർത്തി ……..!
രാവിലേ മിസ്സ് കോൾ കണ്ട് രമേഷേട്ടൻ വിളിക്കും. അപ്പോ ചോദിക്കാം മരിച്ചില്ലേന്ന് …….!
രാവിലെ വീണ്ടും ഒരു വിളി ,രമേഷ് മരിച്ചത് അറിഞ്ഞില്ലേ എന്ന ചോദ്യം……..! അറിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു വച്ചു…….!
രമേഷേട്ടന്റെ ഒരു ജ്യേഷ്ഠൻ രാധാകൃഷ്ണൻ നായരുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു…….. ശെരിയാ…….അവൻ ഇന്നലെ രാത്രി പോയി…….. കാർഡിയാക് അറസ്റ്റായിരുന്നു…….! 9 മണിക്ക് എടുക്കും. 10 ന് ശാന്തികവാടത്തിൽ അടക്കം…….. ഇങ്ങോട്ട് വരുമോ?
വരും…….!
മണി 8.40……. കാപ്പി കുടിക്കാൻ നിൽക്കാതെ വേഗം ഇറങ്ങി……… തിട്ടമംഗലം ശ്രീകൃഷ്ണന്റെ മുന്നിലൂടെ പോകുമ്പോൾ എതിരേ ഒരു ആംബുലൻസ് വരുന്നു……! ഉറപ്പ് ഇതു് അദ്ദേഹത്തിന്റെ അവസാന യാത്രയാണ്…….! ആക്ടീവ തിരിച്ച് ആംബുലൻസിന് പിന്നാലെ വിട്ടു …….! ശാന്തികവാടത്തിൽ ചെല്ലുമ്പോൾ പ്രൊഡക്ക്ഷൻ എക്സിക്യൂട്ടീവ് എൻ ജീവൻ വന്നു……… നാന വേണു വന്നു…….. SI പ്രോപ്പർട്ടി രഘു അണ്ണൻ വന്നു…….. ചിത്രാഞ്‌ജലിയിലെ ശ്രീകണ്ഠൻ അടക്കം ആറുപേർ വന്നു……..!
തീർന്നു ലിസ്റ്റ് ……..! ഇത്ര തന്നെ ധാരാളം …….!

പഴയ ചിത്രം

മൃതദേഹത്തിനൊപ്പം ഇളയ മകൻ വന്നു……. കുറേ കഴിഞ്ഞപ്പോൾ മൂത്ത മകനും…….!
വേറാരും വരാനില്ല. ആ രണ്ടു പേർ വായ്കരി ഇട്ടു…….. സ്ട്രെച്ചറിൽ നിന്നും ഇലക്ട്രിക് ചൂളയിലേക്ക് എടുത്ത് വയ്ക്കുമ്പോൾ ധാരധാരയായി ചോര അവിടമാകെ പടർന്നു പരന്നു……….! രക്തം മാറ്റാനായി കഴുത്തിൽ ഇട്ട ദ്വാരത്തിൽ നിന്നും കെട്ടി നിന്ന ചുടുചോര പുറത്തേക്ക് ഒഴുകിയതാകണം …….! രണ്ടു മിനിട്ടിൽ ജീവിതം പാഴായിപ്പോയ ഒരു പാവം മനുഷ്യന്റെ ചരിത്രം അവസാനിച്ചു…….! കരയോഗക്കാരൻ ഉച്ചത്തിൽ പറഞ്ഞു സഞ്ചയനം 21 ഞായറാഴ്ച രാവിലേ……….!
ബന്ധങ്ങൾ ഇല്ലാത്ത ……. ബന്ധുക്കൾ ഇല്ലാത്ത ……. പെറ്റമ്മ ജീവിച്ചിരിക്കുന്ന …… ഹതഭാഗ്യനെന്ത് സഞ്ചയനം…….?

രമേഷേട്ടാ…….. അർഹിക്കുന്ന അംഗീകാരം ജീവിതത്തിലും, ഉദ്യോഗതലത്തിലും കിട്ടാതെ പോയ ഹതഭാഗ്യനായ മനുഷ്യാ ……. നിങ്ങൾ പറയാതെ പറയുന്ന ഒരു ചൊല്ലുണ്ട് ….. പാത്രം അറിഞ്ഞ് ഭിക്ഷിയിടാൻ അറിയാതെ പോയ ഒരു പാഴ് ജന്മമായിപ്പോയി നിങ്ങടേത്……..!
ക്യാമറമെൻ ……. സംവിധായകൻ ……. സ്‌റ്റുഡിയോ ക്യാമറ ഹെഡ്ഡ് ……. സ്‌റ്റുഡിയോ മാനേജർ……. ഒരു നൂറു പേർക്കെങ്കിലും ഡോക്കുമെന്ററികൾ നൽകി സഹായിച്ചവൻ……..!
എന്നിട്ടും നിങ്ങളുടെ അവസാനയാത്ര ഇവിടുത്തെ പത്ര മുത്തശ്ശിമാരോ …….. ചാനൽ വേതാളങ്ങളോ ……. സിനിമാക്കാരോ …….. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനോ …….. എംഡി യോ അറിയാതെ അനാഥനായി പോകാനായിരുന്നല്ലോ വിധി നിയോഗം ………!
സാരമില്ല ……. അങ്ങ് വേഗം പോയത് നന്നായി …….. താങ്കളെ നോവിച്ച ഒരു മുഖത്തിനും അവസാനമായി താങ്കളെ കാണാൻ അവസരം നൽകാതെ അങ്ങ് പോയത് നന്നായി ………!
ദുഷ്ടനെ പന പോലെ വളർത്തുന്ന ഈ കൊറോണ കാലത്ത് കള്ളക്കണ്ണീരു കാണാൻ നിൽക്കാതെയുള്ള നിങ്ങടെ യാത്ര നന്നായി ……… ഇനിയും ഈ കപട ലോകത്ത് ഒരിക്കൽ കൂടി മനുഷ്യനായി ജനിക്കാൻ അങ്ങേക്ക് ഇടവരരുതേയെന്നു പ്രാർത്ഥിക്കുന്നു……..!

Leave a Reply

Your email address will not be published. Required fields are marked *